പാകിസ്താന്റെ വിജയം ആഘോഷിച്ചു; യുപിയിൽ ഭാര്യക്കെതിരെ കേസു കൊടുത്ത് യുവാവ്

പാകിസ്താന്റെ വിജയം ആഘോഷിച്ചു; യുപിയിൽ ഭാര്യക്കെതിരെ കേസു കൊടുത്ത് യുവാവ്

ലഖ്‌നൗ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ നേടിയ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് ഭാര്യക്കെതിരെ പൊലീസിൽ പരാതി നൽകി യുവാവ്. രാംപൂർ ജില്ലയിലെ അസിം നഗറിൽ താമസിക്കുന്ന ഇഷാൻ മിയാനാണ് ഭാര്യക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഡൽഹിയിലെ ജോലി സ്ഥലത്തു വച്ച് സുഹൃത്തുക്കൾക്കൊപ്പമാണ് ഇഷാൻ ഒക്ടോബർ 24ലെ കളി കണ്ടത്. എന്നാൽ കളിക്ക് ശേഷം ഭാര്യ റാബിയ ഷംസി പാകിസ്താൻ സിന്ദാബാദ് എന്ന് വാട്‌സ്ആപ്പ് സ്റ്റാറ്റസ് വയ്ക്കുകയായിരുന്നു. ഇതാണ് ഇഷാനെ ചൊടിപ്പിച്ചത്. 'അവർ പാകിസ്താന്റെ വിജയം ആഘോഷിച്ചു. ഇന്ത്യയെ അപമാനിക്കുകയും ചെയ്തു. ഇതുമൂലം ഫാക്ടറിയിലെ ആളുകൾ എന്നെ സംശയത്തോടെയാണ് നോക്കുന്നത്. അപമാനിതനായതു കൊണ്ടാണ് പൊലീസിനെ സമീപിച്ചത്.' - ഇഷാൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഭാര്യയ്‌ക്കെതിരെ ശിക്ഷാ നിയമത്തിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി രാംപൂർ അഡീഷണൽ എസ്പി സൻസർ സിങ് പറഞ്ഞു. ഇഷാനും ഭാര്യയും വേർപിരിഞ്ഞാണ് താമസം. ഭർത്താവിനെതിരെ റാബിയ ഗാർഹിക പീഡനത്തിന് പരാതിയും നൽകിയിട്ടുണ്ട്. നേരത്തെ, പാക് വിജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയ അധ്യാപികക്ക് ജോലി നഷ്ടമായിരുന്നു. രാജസ്ഥാനിലെ നീരജ മോദി സ്‌കൂളിൽ ജോലി ചെയ്യുന്ന നഫീസ അത്താരി എന്ന അധ്യാപികയെയാണ് അധികൃതർ പുറത്താക്കിയത്. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്താൻ അടിച്ചെടുത്തു. ലോകകപ്പിൽ ആദ്യമായിട്ടാണ് പാകിസ്താൻ ഇന്ത്യയെ തോൽപ്പിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *