തൃക്കാക്കരയിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് നഗരസഭ

തൃക്കാക്കരയിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് നഗരസഭ


  
കാക്കനാട്:സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്തതിനു പിന്നാലെയാണ് കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ ഇവിടെ ചിത്രീകരണം വിലക്കിയത്.

തൃക്കാക്കര ബസ് സ്റ്റാൻഡിലാണ് ജയറാം, മീര ജാസ്മിൻ എന്നിവർ അഭിനയിക്കുന്ന ചിത്രം ഷൂട്ട് ചെയ്യേണ്ടത്. ഇതിനുള്ള അനുമതി തേടിയ സിനിമാ പ്രവർത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയർപേഴ്‌സൺ പൊട്ടിത്തെറിച്ചു.

ചൊവ്വാഴ്ച പന്ത്രണ്ടരയോടെയാണ് സിനിമാ പ്രൊഡക്ഷൻ വിഭാഗത്തിലെ രണ്ടുപേർ ചിത്രീകരണത്തിന് അനുമതി വാങ്ങാൻ എത്തിയത്. ചെയർപേഴ്‌സന്റെ അനുമതി വാങ്ങാൻ എത്തിയപ്പോഴാണ് രൂക്ഷമായ ഡയലോഗുകളുമായി അജിത തങ്കപ്പൻ ഇവരെ നേരിട്ടത്. ’ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിങ്ങിന് അനുമതി നൽകണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാൻ...‍’ ചെയർപേഴ്സൺ പൊട്ടിത്തെറിച്ചു. ജോജു ജോർജ് തങ്ങളുടെ സിനിമയിൽ ഇല്ലെന്ന് പ്രൊഡക്ഷൻ എക്സിക്യുട്ടീവുമാർ പറഞ്ഞെങ്കിലും ചെയർപേഴ്‌സൺ അയഞ്ഞില്ല. സിനിമാ പ്രവർത്തകർ മടങ്ങി.

സിനിമാ ചിത്രീകരണങ്ങൾ ഏറെ നടക്കുന്ന സ്ഥലമാണ് തൃക്കാക്കര. ഭരണസമിതി ഈ നിലപാട് തുടർന്നാൽ ഇവിടെ ഷൂട്ടിങ്‌ ബുദ്ധിമുട്ടാകും.

Share

Leave a Reply

Your email address will not be published. Required fields are marked *